Tuesday, June 4, 2013

കമലാസുരയ്യയുടെ ഇസ്‌ലാം

മാധവിക്കുട്ടി / കമലാസുരയ്യ വിഷയം ഇപ്പോൾ കുറച്ച് ചൂടോടെ ചർച്ചയ്ക്ക് വന്നിരിക്കയാണല്ലോ. നമ്മുടെ ഏറ്റവും വലിയ തകരാറ് ആൾക്കാരെ നോക്കി വിഷയങ്ങളെ സമീപിക്കുക എന്നതാണ്. സത്യത്തിൽ നാമതിൽനിന്ന് മോചിതരാകാതെ നിവൃത്തിയില്ല.

ഇസ്‌ലാമിൽ ആര് വന്നാൽ എന്ത്, പോയാൽ എന്ത്? ഖുർആൻ പറയുന്നു: ''അവർ മുസ്‌ലിംകളായി എന്നത് നിന്നോട് അവർ ഗുണമായി എടുത്ത് പറയുന്നു. എന്നാൽ, അല്ലാഹു നിങ്ങളെ വിശ്വാസത്തിലേക്ക് കൈപിടിച്ചു നടത്തി എന്നത് നിങ്ങളോട് അവൻ ചെയ്ത നന്മയായി എടുത്തുപറയുന്നു.''


കമലാ സുരയ്യ താൻ മനസ്സിലാക്കിയ തന്റെ സ്വന്തം ഒരു രീതിയിലെ ഇസ്‌ലാമാണ് ആചരിച്ചത് എന്നാണ് എനിക്ക് മനസ്സിലായത്. അത് അവരും അവരുടെ രക്ഷിതാവും കൂടി തീർക്കട്ടെ. അവർ നല്ല സൗന്ദര്യാരാധകയായിരുന്നു. പർദ്ദയണിഞ്ഞിട്ടും നന്നായി ഒരുങ്ങി ലിപ്സ്റ്റിക്കും മറ്റും ഇട്ടാണ് ഞാനാദ്യം കണ്ട മാധവിക്കുട്ടി. പിന്നെ, സാഹിത്യകാരിയുടേതായ ചില മണ്ടത്തരങ്ങളും ഉണ്ടായിട്ടുണ്ട്. അതിലൊന്നായിരുന്നു ഒരു പാർട്ടി രൂപീകരിച്ചത്. അതിന്റെ പേര് ഞാൻ മറന്നു. ഇതൊക്കെയാണെങ്കിലും നിഷ്‌കളങ്ക ആയിരുന്നു; അല്പം കുട്ടിത്തവും. ഞങ്ങൾ ദീർഘമായി സംസാരിച്ചതിൽനിന്ന് മനസ്സിലായത് അതാണ്. ചിലപ്പോഴൊക്കെ ഒരു പതിനാറുകാരിയുടേതുപോലെ പെരുമാറുന്നതായി തോന്നി. പ്രണയത്തെപ്പറ്റിയാണധികവും പറഞ്ഞത്.

പലരും ഇസ്‌ലാമിലേക്ക് വരാൻ പല കാരണങ്ങളും കാണും. പിന്നീട് കാരണം ഇല്ലാതാകുമ്പോൾ ചിലർ പിടിച്ചുനിൽക്കും. ചിലർ തിരിച്ചുപോകും. ഇത് പ്രത്യേകിച്ച് സ്ത്രീകളിൽ (ഇസ്‌ലാമിലേക്ക് വന്ന സ്ത്രീകളിൽ) കണ്ടിട്ടുള്ളതാണ്. ചിലർക്ക് കാരണം നഷ്ടപ്പെടാതെ നിന്നുകിട്ടുമ്പോൾ അവരിലെ ഇസ്‌ലാമും പച്ചപിടിച്ചുനിൽക്കുന്നതു കാണാം. ഇത് ഒരു പ്രകൃതിപരമായ അവസ്ഥയാണ്. കമലാസുരയ്യയുടെ തന്നെ തുറന്നടിച്ച പല സംസാരങ്ങളും ഒരു ശരാശരി മുസ്‌ലിമിനും ഹിന്ദുവിനും ഉൾക്കൊള്ളാവുന്നതിലപ്പുറമാണ്. പക്ഷേ, ഇതിന്റെയൊക്കെ അപ്പുറമുള്ള അവരുടെ ഒരു നിഷ്‌കളങ്ക മനസ്സുണ്ട്. അതിനെ നമുക്ക് കാണാതിരിക്കാനാവില്ല. ഇസ്‌ലാം ആശ്ലേഷത്തിനു മുമ്പ് അവർ ഒരിക്കൽ പർദ്ദ ധരിക്കുന്നതിന്റെ സൗകര്യത്തെപ്പറ്റി എഴുതിയതോർക്കുന്നു. ആളറിയാതിരിക്കാൻ സൗകര്യമുള്ള ഒരു വസ്ത്രം എന്നെഴുതിയിരുന്നു. ചാല ബസാറിൽ പർദ്ദ ധരിച്ച് അവർ പോയതായും ആ ലേഖനത്തിൽ സ്മരിക്കുന്നു.

ഒരു കാര്യം ഞാൻ തുറന്നു പറയാനാഗ്രഹിക്കുകയാണ്. എനിക്കവരുമായുള്ള ബന്ധത്തിൽ ചില വേദനകൾ ഉണ്ടായി. അല്ലാഹു അവർക്ക് പൊറുത്തുകൊടുക്കട്ടെ എന്നു മാത്രം പ്രാർഥിക്കുന്നു. അടുത്തറിയാൻ ശ്രമിച്ചപ്പോൾ ആർദ്രതയോടൊപ്പം ചില പരുഷസ്വഭാവവും അല്ലെങ്കിൽ അഹങ്കാരത്തിൽ കലർന്ന ചില ഭാഷാരീതികൾ ബോധ്യമായിരുന്നു. അപ്പോൾ താനോർത്തത്, എത്രയോ അറിയപ്പെടാത്ത മനുഷ്യർ ഇസ്‌ലാംമതത്തെ പുൽകി വളരെ മാതൃകാപരമായി ജീവിക്കുന്നു. അവരെ നോക്കാതെ ഉയർന്നവരെ മാത്രം ബഹുമാനിക്കുന്ന രീതി വളരെ മോശമാണെന്ന ഒരു പാഠമാണ്. ഇസ്‌ലാമികപ്രവർത്തകരും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണത്. 'അബസ' എന്ന അധ്യായത്തിൽ മേലേക്കിടയിലുള്ളവരെ മാത്രം ശ്രദ്ധിച്ച പ്രവാചകനെ അല്ലാഹു തിരുത്തുന്നുണ്ട്, ശക്തമായ ഭാഷയിൽ. ഇസ്‌ലാമിൽ മനുഷ്യരെല്ലാം ചീർപ്പിന്റെ പല്ലുപോലെ സമന്മാരാണ്. നാമിനിയും പഠിച്ചു പ്രാവർത്തികമാക്കേണ്ട പാഠമാണത്. ഞാൻ സംസാരിക്കുന്നത് ഇസ്‌ലാമിനെ പ്രബോധനം ചെയ്യുന്ന ഇസ്‌ലാമികപ്രവർത്തകരോടാണ്. നമ്മുടെ കൈയിലുള്ള വെളിച്ചത്തെ മറ്റുള്ളവർക്കെത്തിച്ചുകൊടുക്കുന്ന വേളയിൽ, അവർക്കു വേണ്ടി നാം രാവും പകലും അധ്വാനിക്കേണ്ടിവരുമ്പോൾ നമ്മുടെ മുമ്പിൽ ഉയർന്നുനിൽക്കേണ്ട മാതൃകാവ്യക്തിത്വം പ്രവാചകൻ (സ)യാണ്.

ഇസ്‌ലാമികപ്രബോധകർ ഒരു കാര്യംകൂടി അടിവരയിട്ടു മനസ്സിലാക്കുക. ആര് ഇസ്‌ലാമിലേക്ക് വരുന്നതുകൊണ്ടും ഇസ്‌ലാമിന് യാതൊരു മഹത്വവും ഏറാൻ ഇല്ല. സാധുക്കൾ മാത്രമുള്ള ഇസ്‌ലാം കൊണ്ട് ഇസ്‌ലാമിന് ഒന്നും നഷ്ടപ്പെടാനുമില്ല. ഇനിയും പ്രബോധനമാർഗ ചരിത്രത്തിൽ ഇത്തരം പലതും ആവർത്തിക്കും. നമുക്ക് അന്നും നിഷ്‌കളങ്കതയും ആത്മാർഥതയും ആണ് മാനദണ്ഡങ്ങളായി കണക്കാക്കേണ്ടത്. നാമോരുത്തരും നമ്മുടെ കർമങ്ങൾ അനുസരിച്ചാണ് അല്ലാഹുവിന്റെ മുമ്പിൽ ഉത്തരം ബോധിപ്പിക്കേണ്ടത്. മറ്റൊരാളുടെ കർമം മൂലം നാം കുറ്റക്കാരാവുകയോ ഉയർന്നവരാവുകയോ ഇല്ല. നമ്മുടെ ദൗത്യം ഇസ്‌ലാമിനെ ജനങ്ങൾക്ക് വ്യക്തമായും ശുദ്ധമായും എത്തിക്കുക എന്നതാണ്. വരുന്ന ആൾക്കാർക്ക് അവരാവശ്യപ്പെടുന്ന രൂപത്തിലുള്ള സഹായം കൊടുക്കുക. എല്ലാം അല്ലാഹുവിന് സമർപ്പിക്കുക. ലോകം കറങ്ങുമ്പോൾ ഇസ്‌ലാമിനെ ചെളിവാരി എറിയുന്നവരും ഇസ്‌ലാമിനെ പുൽകുന്നവരും ഒക്കെ ഉണ്ടാകും. നാം അചഞ്ചലചിത്തരായി ഇസ്‌ലാമിക മാർഗത്തിൽ ഉറച്ചു നിൽക്കുക.

സർവശക്തൻ എല്ലാവർക്കും പൊറുത്തുതരട്ടെ. ആമീൻ

വസ്സലാം.