Wednesday, March 5, 2014

ഗെയിലിന്റെ തിരിച്ചറിവുകള്‍

അമൃതാനന്ദമയിയെപ്പറ്റിയുള്ള പുസ്തകം വായിച്ചു. ഏതാനും പേജുകള്‍ വായിക്കാനുണ്ട് ഇനിയും. ഗെയില്‍ അവസാനം എത്തിയേടത്തുനിന്ന് തുടങ്ങാം.

''ഞാന്‍ എന്റെ യാത്രയില്‍ ദൈവത്തെ കണ്ടില്ല. മറിച്ച്, ഞാന്‍ എന്നെ സ്വയം തിരിച്ചറിഞ്ഞു.''
മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, من عرف نفسه فقد عرف ربّه
ആരെങ്കിലും സ്വന്തത്തെ അറിഞ്ഞാല്‍ അവന്‍ തന്റെ രക്ഷിതാവിനെയും അറിഞ്ഞു.
ഈ ഭൂമിയില്‍ നല്ല ഒരു മനുഷ്യനായി, കറപുരളാത്ത വ്യക്തിത്വമായി ജീവിച്ച്, മരിച്ചുപോവുക എന്നതാണ് ഈ ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം. അപൂര്‍വം ആള്‍ക്കാര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം. അല്ലാഹു നമ്മെയെല്ലാം അത്തരം ഭാഗ്യവാന്മാരില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

ജനം കള്ള ആത്മീയതയുടെ പിന്നാലെ ഓടുകയാണ്. എളുപ്പത്തില്‍ ദൈവസാമീപ്യം നേടുമെന്ന തെറ്റിദ്ധാരണയാല്‍, മുടിക്കും ചട്ടിക്കും പിറകേ, വിഭൂതിക്കു പിറകെ ഓടുകയാണ്. എന്നാല്‍ ഖുര്‍ആന്‍ പറയുന്നത് കാണുക:
فلا اقتحم العقبة وما أدراك ما العقبة فك رقبة أو إطعام في يوم ذي مسغبة يتيما ذا مقربة أو مسكينا ذا متربة
അവന്‍ ഗിരിശൃംഗം താണ്ടിക്കടന്നില്ല. എന്താണ് ഗിരിശൃംഗം എന്ന് നിനക്കറിയാമോ? ഒരടിമയെ മോചിപ്പിക്കലാണ് അല്ലെങ്കില്‍ വിശപ്പേറിയ ദിനത്തില്‍ ഭക്ഷണം നല്‍കലാണ്; അടുത്ത അനാഥയ്‌ക്കോ മണ്ണുപുരണ്ട് വിശന്നുകിടക്കുന്ന ഒരു അഗതിക്കോ.
ഇതാണ് മോക്ഷത്തിനും പുണ്യത്തിനും ഉള്ള ഉപാധികള്‍.

സത്യത്തില്‍ ഗായത്രി തന്റെ 20 വര്‍ഷം - ജീവിതത്തിലെ ഏറ്റവും സമ്പുഷ്ടമായ കാലം - എന്തിലാണ് ചെലവഴിച്ചത്? അമ്മയ്ക്ക് തുള്ളല്‍വസ്ത്രങ്ങള്‍ കഴുകി ഇസ്തിരിയിട്ട് കൊടുക്കുക, പൂജാസാധനങ്ങള്‍ എടുത്തുകൊടുക്കുക, ഭക്ഷണം പാകം ചെയ്തുകൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍. സ്വയം ഏറ്റെടുത്ത അടിമത്വം. പല വരികളിലൂടെയും സഞ്ചരിച്ചപ്പോള്‍ സങ്കടം തോന്നി. ഈ പെണ്ണിന് ഇതെന്തിന്റെ കേടാണെന്ന് തോന്നി. പക്ഷേ, അവരുടെ മനസ്സ് ഒരു യഥാര്‍ഥ ഗുരുവിനു വേണ്ടിയുള്ള, അടങ്ങാത്ത ദാഹത്തിലായിരുന്നു. എന്ത് കേട്ടാലും ഭൂമിയെപ്പോലെ ക്ഷമിച്ചുനിന്ന അവര്‍... വല്ലാത്ത ഒരദ്ഭുതം തന്നെ.

ഇനിയെങ്കിലും നമ്മുടെ നാട് ഒന്നുണരുമോ? എത്ര ആള്‍ദൈവങ്ങളാണ് വന്നും പോയും കണ്ടത്. മനുഷ്യനെ എല്ലാവിധത്തിലുള്ള അടിമത്തങ്ങളില്‍നിന്ന് മോചിപ്പിച്ച്, മഹാപ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തിന്റെ മാത്രം അടിമയാകുന്ന ഒരു കാലം വന്നാല്‍ മാത്രമേ ഇത്തരം അവസ്ഥകള്‍ക്ക് മാറ്റം വരൂ.

പുസ്തകത്തിലെ ഗായത്രി ഒരു ചലച്ചിത്രം പോലെ നമ്മുടെ മനസ്സില്‍ കുറേക്കാലം സ്ഥലം പിടിക്കും. പുസ്തകം നല്ല ഉഗ്രന്‍ വാങ്മയചിത്രം എന്ന് പറയാതെ നിവൃത്തിയില്ല. വള്ളിക്കാവിന്റെ പഴയ കടപ്പുറവും അവിടത്തെ ജീവിതവും നിഗൂഢം എന്ന് തോന്നിക്കുന്ന കൃഷ്ണ-ദേവ ഭാവങ്ങള്‍ - അമേരിക്കയില്‍ വച്ച് അമ്മ തുള്ളിയില്ലത്രെ!

പാവം ഗായത്രി! അവര്‍ക്ക് ഈ തുള്ളലൊക്കെ ശരിയാണെന്നു കരുതി, ഒരു ജന്മം പാഴാക്കി - പാഴാക്കീന്ന് പറയേണ്ട അല്ലേ. മഠത്തിന്റെ നിഗൂഢതകള്‍ ഒരു ശതമാനമെങ്കിലും വെളിച്ചത്തു വരുത്താന്‍ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട്. വരികള്‍ക്കപ്പുറം വായിക്കാനറിയാവുന്നവര്‍ക്ക് ഈ പുസ്തകം മാത്രം മതി, മഠത്തിന്റെ പൊള്ളത്തരങ്ങള്‍ തിരിച്ചറിയാന്‍. മുടിയുടെ പൊള്ളത്തരം പുറത്തു വന്നിട്ടും മുടിവെള്ളം കുടി തകൃതിയായി നടക്കുകയല്ലേ. പാത്രം തിരിച്ചു കൊടുത്തെന്ന് കേട്ടു ഇതിനിടെ. യാ റബ്ബുല്‍ ആലമീന്‍! വൈക്കം മുഹമ്മദ് ബഷീര്‍ ഉണ്ടായിരുന്നെങ്കില്‍... നല്ലൊരു നര്‍മ്മ ലേഖനം വായിക്കാമായിരുന്നു. അഴീക്കോടും ഇല്ല. കുറേ ആള്‍ക്കാരുടെ മൗനം ഭയപ്പെടുത്തുന്നതാണ്. എന്തിനും മിണ്ടുന്ന കുറേ ആള്‍ക്കാരുണ്ട്. ഒക്കെ കിടക്കുന്നുറങ്ങുകയാണോ. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ വഴിയില്ലല്ലോ.

ഞാനിനിയും ചോദിച്ചുപോവുകയാണ്. ഈ നാട് എന്താണിങ്ങനെ ആയിപ്പോയത്? ഇവര്‍ക്കൊക്കെ നല്ല മനുഷ്യരായി, നിഷ്‌കളങ്കമായി ദൈവത്തിലേക്കു മാത്രം യാത്ര ചെയ്തുകൂടേ? എന്ത് സുഖമായിരിക്കും!

ഗായത്രി ഒരുപക്ഷേ ആ സന്തോഷം അനുഭവിച്ചുകാണും. അതാകും അവസാനത്തെ വാചകം - ഞാന്‍ എന്നെ കണ്ടെത്തി - എന്നെഴുതിയിരിക്കുന്നത്.

വസ്സലാം, സ്വന്തം ടീച്ചര്‍

Thursday, February 27, 2014

സൂറത്തുല്‍ ഫാത്വിഹ - പ്രഖ്യാപനം, പ്രതിജ്ഞ, പ്രാര്‍ഥന

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

الْحَمْدُ  -  സ്തുതി
لِلَّهِ رَبِّ الْعَالَمِينَ   -  സര്‍വലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു
الرَّحْمَٰنِ الرَّحِيمِ  -  അവന്‍ - പരമകാരുണികനും കരുണാനിധിയുമായ
مَالِكِ يَوْمِ الدِّينِ  -  പ്രതിഫലദിനത്തിന്റെ ഉടമസ്ഥനായ
إِيَّاكَ نَعْبُدُ   -  ഞങ്ങള്‍ നിന്നെ മാത്രം കീഴ്‌പ്പെടുന്നു
وَإِيَّاكَ   -  നിന്നോടു മാത്രം
نَسْتَعِينُ  -  ഞങ്ങള്‍ സഹായം തേടുന്നു
اهْدِنَا  -  നീ ഞങ്ങളെ വഴിനടത്തേണമേ
الصِّرَاطَ الْمُسْتَقِيمَ  -  നേരായ വഴി
صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ  -  നീ അനുഗ്രഹിച്ചവരുടെ വഴി
غَيْرِ الْمَغْضُوبِ عَلَيْهِمْ  -  നിന്റെ കോപത്തിന് പാത്രമായവരുടെ മാര്‍ഗമല്ല
وَلَا الضَّالِّينَ  -  വഴിപിഴച്ചവരുടെ മാര്‍ഗവുമല്ല
آمِين  -  ഈ പ്രാര്‍ഥന സ്വീകരിക്കേണമേ
--------------------------------------------------------------
صرا
ط  - മാര്‍ഗം, വഴി
اَنْعَمَ  - അനുഗ്രഹം ചെയ്തു
സൂറത്തുല്‍ ഫാത്വിഹയില്‍ പ്രഖ്യാപനമുണ്ട്, പ്രാര്‍ഥനയുണ്ട്, പ്രതിജ്ഞ ഉണ്ട്. നിനക്കു മാത്രം ഞങ്ങള്‍ എല്ലാം അര്‍പ്പിക്കുകയുള്ളൂവെന്നും നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയുള്ളൂവെന്നുമാണ് പ്രതിജ്ഞ. നമ്മുടെ ജീവിതം 'ആ പ്രതിജ്ഞക്കൊപ്പം കൊണ്ടുനടന്നാല്‍, അല്ലാഹു നമ്മുടെ പ്രാര്‍ഥനകളും സ്വീകരിക്കും. അല്ലാഹുവല്ലാതെ പ്രാര്‍ഥനക്കുത്തരം നല്‍കാന്‍ ആരുണ്ട്? ഒരു വിശ്വാസിയുടെ ഏറ്റവും വലിയ പ്രാര്‍ഥന; നല്ല വഴിയിലൂടെ എന്നും സഞ്ചരിപ്പിക്കണമേ എന്നാണ്. കാരണം, വഴിതെറ്റിയാല്‍ ചിലപ്പോള്‍ അറിയാതെ ആ വഴിയിലൂടെ സഞ്ചരിച്ച് എല്ലാം നഷ്ടപ്പെട്ടവനായി മാറും. ഒരിക്കല്‍ നബി (സ) സ്വഹാബിമാര്‍ക്ക് മണ്ണില്‍ ഒരു വരവരച്ചുകാട്ടിക്കൊടുത്തു. എന്നിട്ട് പറഞ്ഞു: ഇതാണ് صراط المستقيم. നിങ്ങള്‍ ഇതിലൂടെ പോയാല്‍ കുഴപ്പം പറ്റില്ല. സ്വര്‍ഗത്തില്‍ ചെന്നെത്താം. എന്നാല്‍ ഈ വഴിയുടെ ഇരുവശങ്ങളിലും തിന്മയിലേക്കുള്ള വാതിലുകള്‍ ഉണ്ട്. അത് വിരികൊണ്ട് മറയ്ക്കപ്പെട്ടിരിക്കയാണ്. നിങ്ങള്‍ ആ വിരി പൊക്കിനോക്കാന്‍ നില്‍ക്കരുത്. കാരണം, വിരി പൊക്കി നിങ്ങള്‍ അതില്‍ പ്രവേശിച്ചാല്‍ അതിലൂടെ സഞ്ചരിക്കും. ചെന്നെത്തുന്നത്. നരകത്തിലായിരിക്കും. അതിനാല്‍ സൂക്ഷിക്കുക. നബി (സ) തിന്മകളിലേക്കുള്ള ആദ്യപടിയായി വിരിപൊക്കി നോക്കുന്നതിനെ ഉപമിച്ചിരിക്കുന്നു. അതിനപ്പുറം അല്ലാഹു വിലക്കിയ കാര്യങ്ങളാണ്. നാം ഒന്നോര്‍ത്തുനോക്കുക. നമ്മുടെ ജീവിതയാത്രയില്‍ ചുറ്റിനും പിടിച്ചുവലിക്കാന്‍ ജാഹിലിയ്യത്ത് തയ്യാറായി, സര്‍വസന്നാഹങ്ങളുമായി നില്‍ക്കുകയാണ്. അതിന്റെ ചതിക്കുഴികളിലും വാതിലുകളിലും ചെന്നുപെടാതെ രക്ഷപ്പെടാന്‍ നിരന്തരമായ പ്രാര്‍ഥനകൊണ്ടും നിഷ്‌കളങ്കമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാണ് സാധിക്കുക. സൂറത്തുല്‍ ഫാത്വിഹയില്‍ അല്ലാഹുവിന്റെ മഹത്വങ്ങള്‍ പ്രഖ്യാപിച്ചതിനുശേഷം ആണ് പ്രാര്‍ഥിക്കുന്നത്. മനസ്സിന്റെ ആഴങ്ങളില്‍ ചെന്നുപതിക്കേണ്ട പ്രഖ്യാപനങ്ങളാണ് ഫാത്വിഹയുടെ ആദ്യഭാഗത്തുള്ളത്. അത് പ്രഖ്യാപിക്കുന്ന ഒരു മനുഷ്യന്‍ തന്റെ എല്ലാം തന്റെ നാഥന്റെ മുന്‍പില്‍ സമര്‍പ്പിക്കുകയാണ്. എന്നിട്ട് പറയുകയാണ്, ഞങ്ങള്‍ക്ക് ഈയൊരാവശ്യമേ ഉള്ളൂ; സന്മാര്‍ഗത്തില്‍ എന്നും വഴിനടത്തണേ എന്ന്.

അതേ, വഴിപിഴച്ചുപോകാതിരിക്കാന്‍ മഹത്തായ സൂറത്തുല്‍ ഫാത്വിഹയെ മുറുകെ പിടിക്കാം. അര്‍ഥം ശരിക്ക് ഉള്‍ക്കൊള്ളാന്‍ അത് മാത്രം മതി, രക്ഷയ്ക്ക്. അല്ലാഹു അനുഗ്രഹിക്കട്ടെ.