Tuesday, April 3, 2018

മലപ്പുറത്തിന്റെ നന്മയുമായി ഒരു ലോകസിനിമ

സുഡാനി ഫ്രം നൈജീരിയ കണ്ടു. വളരെ വളരെ നല്ലൊരു സിനിമ. എന്നെ ഏറ്റവും നൊമ്പരപ്പെടുത്തിയത് സുഡുമോന്റെ കാഴ്ച. ദുഃഖിതനായ അവൻ തന്റെ കുഞ്ഞുപെങ്ങൾ കഷ്ടപ്പെട്ട് കോരിയ വെള്ളം മറിഞ്ഞുപോകുന്ന കാര്യം ഓർത്തിരിക്കുമ്പോഴാണ് “മലയാളി” വന്ന് സൊറസൊറാന്നും പറഞ്ഞ് പൈപ്പ് തുറന്ന് കാൽ കഴുകുന്നു. ഇതു കണ്ട് പൊട്ടിത്തെറിക്കുന്ന സുഡുമോൻ. വീട്ടിൽ വന്ന് ഞാൻ വുളു എടുത്തപ്പോൾ, താനെ പൈപ്പിന്റെ ഫോഴ്സ് കുറച്ചു. നമ്മൾക്ക് വെള്ളത്തിന് ഒരു വിലയും തോന്നാറില്ല. തമ്പുരാനേ, നിന്റെ ഭൂമിയിലെ നിന്റെ അടിമകൾ വെള്ളത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്നു. മറുവിഭാഗം ധൂർത്തടിക്കുന്നു.

സുഡാനി ഫ്രം നൈജീരിയ സിനിമ അത്യുഗ്രൻ എന്നു പറയാതെ വയ്യ. ഒരു പാഠം അല്ല, നൂറുകണക്കിനു പാഠങ്ങൾ സക്കറിയ അതിലൂടെ പഠിപ്പിക്കുന്നുണ്ട്. സെക്സും സ്റ്റണ്ടുമില്ലാതെ മാനുഷികമൂല്യങ്ങൾ, ആർദ്രത, നന്മ എന്നിവ മനുഷ്യമനസ്സിലേക്കങ്ങനെ പ്രസരിപ്പിക്കാമെന്നു മനസ്സിലാക്കിത്തരുന്നു. 

അയൽവാസികളായ സ്ത്രീകളുടെ സ്നേഹപ്രസരണം അത്യുദാത്തം തന്നെ. തഴക്കംവന്ന നാടകനടിമാർ എത്ര സുന്ദരമായാണ് നന്മകളുടെ വറ്റാത്ത ഉറവകളൊഴുക്കി നമ്മുടെ കണ്ണുനനയിച്ചത്. അവസാനം, സുഡുമോന് തന്റെ മകൻ കൊടുത്തയച്ച വാച്ച് കെട്ടിച്ചുതന്നെ യാത്രയാക്കണമെന്ന വാശി നടപ്പാകുമ്പോൾ നമ്മുടെ മനസ്സും ആശ്വസിക്കുന്നു. സുഡുവിന്റെ പെങ്ങൾക്ക് മജീജിന്റെ ഉമ്മ കൊടുത്തയക്കുന്ന ജിമിക്കി കമ്മലും… പടച്ചവനേഎന്തൊരു സന്തോഷമാണ് സാധുക്കളായ, തണൽ കണ്ടിട്ടില്ലാത്ത ആ കറുത്ത ആഫ്രിക്കൻ പെൺകുഞ്ഞുങ്ങൾക്ക് കൊടുത്തയക്കുന്നതു കാണുമ്പോൾ. സക്കരിയാ, നീ അതിന്റെ സംവിധാനത്തിലൊക്കെ നൂറിൽ നൂറ്റമ്പതു മാർക്ക് വാങ്ങി വിജയിച്ചിരിക്കുന്നു. ഓരോ കഥാപാത്രങ്ങളും എന്തൊരു തന്മയത്വത്തിലാണ് അവരുടെ ഭാഗം തകർത്തഭിനയിച്ചിരിക്കുന്നത്.

നർമം നിറഞ്ഞുനിൽക്കുന്ന സിനിമ. നല്ല നിലവാരമുള്ള നർമം. ഹാവൂ, പുതിയ അതിഥിയെ കാണാൻ ജനങ്ങൾ സന്തോഷത്തോടെ വരുന്ന കാഴ്ച. ഭാഷ തടസ്സമാകുന്നില്ല, സ്നേഹിക്കാനും സ്നേഹിപ്പിക്കാനും. സുഡൂന്റെ അമ്മൂമ്മ മരിച്ചതറിഞ്ഞ് മജീദിന്റെ ഉമ്മയും അയൽക്കാരി ഇത്തയും ഖത്തംപയങ്ങൽ കഴിക്കണ ഭംഗി. അപ്പോൾ അതിനിടയിൽ മജീദിന്റെ ഒരു വാക്കുണ്ട്, “അവൻ ക്രിസ്ത്യാനിയാണ്”. ഉമ്മാടെ മറുപടി, ക്രിസ്ത്യാനി ആയാലും അവർക്കും ഉണ്ടാകും എന്തെങ്കിലും ആചാരമൊക്കെ. അങ്ങനെ, നല്ല ചിട്ടവട്ടങ്ങളോടെ, തങ്ങൾ കണ്ടിട്ടില്ലാത്ത സുഡൂന്റെ അമ്മൂമ്മയ്ക്ക് മൂന്നാംരാവ് കഴിക്കുന്ന മലപ്പുറത്തെ നിഷ്കളങ്കരായ ഉമ്മമാർ. മതസൌഹാർദ്ദത്തിന്റെ സുഗന്ധം പൂത്തുലയുന്ന ഇത്തരം സിനിമകളാണിക്കാലത്താവശ്യം. 

ധൈര്യപ്പെട്ട് സിനിമ കണ്ടോളൂ. അരികുവത്കരിക്കപ്പെടുന്ന, അപഹസിക്കപ്പെടുന്ന ഒരു സമുദായത്തിൽനിന്ന് ഇത്തരം ഒരു സിനിമ പിറവിയെടുക്കുക കാലഘട്ടത്തിന്റെ ആവശ്യമാണ്. മലപ്പുറത്ത് പന്നി പ്രസവിക്കുംപോലെ പ്രസവിക്കുന്നു എന്ന് പറഞ്ഞവന്റെ മുഖത്തോ നോക്കി കൊഞ്ഞനംകാട്ടുന്നുണ്ട് ഈ സിനിമ. മലബാറിന്റെ നിഷ്കളങ്ക സ്നേഹം മുഴുവനോടെ ഒപ്പിയെടുത്തിരിക്കുന്നു ഈ സിനിമ. ഇനിയും ആ ഡയലോഗുകൾ കേൾക്കാൻ തോന്നുന്നു. ജാതി-മത ഭേദമെന്യെയുള്ള ആ നിഷ്കളങ്കത, പടച്ചവൻ മലപ്പുറത്ത് ഇനിയും വാരിക്കോരി കൊടുക്കട്ടെ. തീർച്ചയായും മനുഷ്യർക്കിടയിൽ സ്നേഹം വളർത്താൻ ഈ സിനിമയ്ക്കു കഴിയും. ആഫ്രിക്കയുടെ ദുഃഖം നിറഞ്ഞ ജീവിതവും കള്ള പാസ്പോർട്ടെടുത്ത് വരുന്ന രംഗങ്ങളും ഒക്കെ നമ്മൾ ആഫ്രിക്കയിലും പോയപോലെ. സുഡൂന്റെ അമ്മൂമ്മയൊന്നും ഒരിക്കലും മനസ്സിൽനിന്ന് മായുന്നില്ല. മജീദിനെ അവതരിപ്പിച്ച സൌബിനും നൂറിൽ നൂറ്റമ്പത് മാർക്ക് കൊടുക്കാം. ഫുട്ബോൾ പിരാന്ത് തലയ്ക്കുപിടിച്ച ഒരു യുവാവിന്റെ പ്രക്ഷുബ്ധജീവിതത്തിനിടയിലും സുഡൂന്റെ അപ്പി വൃത്തിയാക്കുന്ന മജീദ്. ഒരുപാടൊരുപാട് അനുഭവങ്ങളിലുടെ നീങ്ങുന്ന സിനിമ, ഇങ്ങനെയും സിനിമ ഉണ്ടാക്കാമെന്ന് കാട്ടിത്തരുന്നു. സിനിമ കണ്ട ഒരാളുടെ വർത്തമാനം. “ഒരു ഉദാത്തമായ മനസ്സിനു മാത്രമേ ഇത്ര നല്ല സിനിമയെ പുറത്തിറക്കാൻ കഴിയൂ…”

സക്കരിയ ഉയരങ്ങളിലെത്തുമ്പോഴും, നന്മ മറക്കരുത് എന്ന വിനീത അപേക്ഷയോടെ,

സ്വന്തം ടീച്ചർ

Wednesday, March 28, 2018

മലപ്പുറത്തിന്റെ നന്മയുമായി ഒരു സിനിമ

Wednesday, March 5, 2014

ഗെയിലിന്റെ തിരിച്ചറിവുകള്‍

അമൃതാനന്ദമയിയെപ്പറ്റിയുള്ള പുസ്തകം വായിച്ചു. ഏതാനും പേജുകള്‍ വായിക്കാനുണ്ട് ഇനിയും. ഗെയില്‍ അവസാനം എത്തിയേടത്തുനിന്ന് തുടങ്ങാം.

''ഞാന്‍ എന്റെ യാത്രയില്‍ ദൈവത്തെ കണ്ടില്ല. മറിച്ച്, ഞാന്‍ എന്നെ സ്വയം തിരിച്ചറിഞ്ഞു.''
മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, من عرف نفسه فقد عرف ربّه
ആരെങ്കിലും സ്വന്തത്തെ അറിഞ്ഞാല്‍ അവന്‍ തന്റെ രക്ഷിതാവിനെയും അറിഞ്ഞു.
ഈ ഭൂമിയില്‍ നല്ല ഒരു മനുഷ്യനായി, കറപുരളാത്ത വ്യക്തിത്വമായി ജീവിച്ച്, മരിച്ചുപോവുക എന്നതാണ് ഈ ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം. അപൂര്‍വം ആള്‍ക്കാര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം. അല്ലാഹു നമ്മെയെല്ലാം അത്തരം ഭാഗ്യവാന്മാരില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

ജനം കള്ള ആത്മീയതയുടെ പിന്നാലെ ഓടുകയാണ്. എളുപ്പത്തില്‍ ദൈവസാമീപ്യം നേടുമെന്ന തെറ്റിദ്ധാരണയാല്‍, മുടിക്കും ചട്ടിക്കും പിറകേ, വിഭൂതിക്കു പിറകെ ഓടുകയാണ്. എന്നാല്‍ ഖുര്‍ആന്‍ പറയുന്നത് കാണുക:
فلا اقتحم العقبة وما أدراك ما العقبة فك رقبة أو إطعام في يوم ذي مسغبة يتيما ذا مقربة أو مسكينا ذا متربة
അവന്‍ ഗിരിശൃംഗം താണ്ടിക്കടന്നില്ല. എന്താണ് ഗിരിശൃംഗം എന്ന് നിനക്കറിയാമോ? ഒരടിമയെ മോചിപ്പിക്കലാണ് അല്ലെങ്കില്‍ വിശപ്പേറിയ ദിനത്തില്‍ ഭക്ഷണം നല്‍കലാണ്; അടുത്ത അനാഥയ്‌ക്കോ മണ്ണുപുരണ്ട് വിശന്നുകിടക്കുന്ന ഒരു അഗതിക്കോ.
ഇതാണ് മോക്ഷത്തിനും പുണ്യത്തിനും ഉള്ള ഉപാധികള്‍.

സത്യത്തില്‍ ഗായത്രി തന്റെ 20 വര്‍ഷം - ജീവിതത്തിലെ ഏറ്റവും സമ്പുഷ്ടമായ കാലം - എന്തിലാണ് ചെലവഴിച്ചത്? അമ്മയ്ക്ക് തുള്ളല്‍വസ്ത്രങ്ങള്‍ കഴുകി ഇസ്തിരിയിട്ട് കൊടുക്കുക, പൂജാസാധനങ്ങള്‍ എടുത്തുകൊടുക്കുക, ഭക്ഷണം പാകം ചെയ്തുകൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍. സ്വയം ഏറ്റെടുത്ത അടിമത്വം. പല വരികളിലൂടെയും സഞ്ചരിച്ചപ്പോള്‍ സങ്കടം തോന്നി. ഈ പെണ്ണിന് ഇതെന്തിന്റെ കേടാണെന്ന് തോന്നി. പക്ഷേ, അവരുടെ മനസ്സ് ഒരു യഥാര്‍ഥ ഗുരുവിനു വേണ്ടിയുള്ള, അടങ്ങാത്ത ദാഹത്തിലായിരുന്നു. എന്ത് കേട്ടാലും ഭൂമിയെപ്പോലെ ക്ഷമിച്ചുനിന്ന അവര്‍... വല്ലാത്ത ഒരദ്ഭുതം തന്നെ.

ഇനിയെങ്കിലും നമ്മുടെ നാട് ഒന്നുണരുമോ? എത്ര ആള്‍ദൈവങ്ങളാണ് വന്നും പോയും കണ്ടത്. മനുഷ്യനെ എല്ലാവിധത്തിലുള്ള അടിമത്തങ്ങളില്‍നിന്ന് മോചിപ്പിച്ച്, മഹാപ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തിന്റെ മാത്രം അടിമയാകുന്ന ഒരു കാലം വന്നാല്‍ മാത്രമേ ഇത്തരം അവസ്ഥകള്‍ക്ക് മാറ്റം വരൂ.

പുസ്തകത്തിലെ ഗായത്രി ഒരു ചലച്ചിത്രം പോലെ നമ്മുടെ മനസ്സില്‍ കുറേക്കാലം സ്ഥലം പിടിക്കും. പുസ്തകം നല്ല ഉഗ്രന്‍ വാങ്മയചിത്രം എന്ന് പറയാതെ നിവൃത്തിയില്ല. വള്ളിക്കാവിന്റെ പഴയ കടപ്പുറവും അവിടത്തെ ജീവിതവും നിഗൂഢം എന്ന് തോന്നിക്കുന്ന കൃഷ്ണ-ദേവ ഭാവങ്ങള്‍ - അമേരിക്കയില്‍ വച്ച് അമ്മ തുള്ളിയില്ലത്രെ!

പാവം ഗായത്രി! അവര്‍ക്ക് ഈ തുള്ളലൊക്കെ ശരിയാണെന്നു കരുതി, ഒരു ജന്മം പാഴാക്കി - പാഴാക്കീന്ന് പറയേണ്ട അല്ലേ. മഠത്തിന്റെ നിഗൂഢതകള്‍ ഒരു ശതമാനമെങ്കിലും വെളിച്ചത്തു വരുത്താന്‍ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട്. വരികള്‍ക്കപ്പുറം വായിക്കാനറിയാവുന്നവര്‍ക്ക് ഈ പുസ്തകം മാത്രം മതി, മഠത്തിന്റെ പൊള്ളത്തരങ്ങള്‍ തിരിച്ചറിയാന്‍. മുടിയുടെ പൊള്ളത്തരം പുറത്തു വന്നിട്ടും മുടിവെള്ളം കുടി തകൃതിയായി നടക്കുകയല്ലേ. പാത്രം തിരിച്ചു കൊടുത്തെന്ന് കേട്ടു ഇതിനിടെ. യാ റബ്ബുല്‍ ആലമീന്‍! വൈക്കം മുഹമ്മദ് ബഷീര്‍ ഉണ്ടായിരുന്നെങ്കില്‍... നല്ലൊരു നര്‍മ്മ ലേഖനം വായിക്കാമായിരുന്നു. അഴീക്കോടും ഇല്ല. കുറേ ആള്‍ക്കാരുടെ മൗനം ഭയപ്പെടുത്തുന്നതാണ്. എന്തിനും മിണ്ടുന്ന കുറേ ആള്‍ക്കാരുണ്ട്. ഒക്കെ കിടക്കുന്നുറങ്ങുകയാണോ. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ വഴിയില്ലല്ലോ.

ഞാനിനിയും ചോദിച്ചുപോവുകയാണ്. ഈ നാട് എന്താണിങ്ങനെ ആയിപ്പോയത്? ഇവര്‍ക്കൊക്കെ നല്ല മനുഷ്യരായി, നിഷ്‌കളങ്കമായി ദൈവത്തിലേക്കു മാത്രം യാത്ര ചെയ്തുകൂടേ? എന്ത് സുഖമായിരിക്കും!

ഗായത്രി ഒരുപക്ഷേ ആ സന്തോഷം അനുഭവിച്ചുകാണും. അതാകും അവസാനത്തെ വാചകം - ഞാന്‍ എന്നെ കണ്ടെത്തി - എന്നെഴുതിയിരിക്കുന്നത്.

വസ്സലാം, സ്വന്തം ടീച്ചര്‍

Thursday, February 27, 2014

സൂറത്തുല്‍ ഫാത്വിഹ - പ്രഖ്യാപനം, പ്രതിജ്ഞ, പ്രാര്‍ഥന

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

الْحَمْدُ  -  സ്തുതി
لِلَّهِ رَبِّ الْعَالَمِينَ   -  സര്‍വലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു
الرَّحْمَٰنِ الرَّحِيمِ  -  അവന്‍ - പരമകാരുണികനും കരുണാനിധിയുമായ
مَالِكِ يَوْمِ الدِّينِ  -  പ്രതിഫലദിനത്തിന്റെ ഉടമസ്ഥനായ
إِيَّاكَ نَعْبُدُ   -  ഞങ്ങള്‍ നിന്നെ മാത്രം കീഴ്‌പ്പെടുന്നു
وَإِيَّاكَ   -  നിന്നോടു മാത്രം
نَسْتَعِينُ  -  ഞങ്ങള്‍ സഹായം തേടുന്നു
اهْدِنَا  -  നീ ഞങ്ങളെ വഴിനടത്തേണമേ
الصِّرَاطَ الْمُسْتَقِيمَ  -  നേരായ വഴി
صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ  -  നീ അനുഗ്രഹിച്ചവരുടെ വഴി
غَيْرِ الْمَغْضُوبِ عَلَيْهِمْ  -  നിന്റെ കോപത്തിന് പാത്രമായവരുടെ മാര്‍ഗമല്ല
وَلَا الضَّالِّينَ  -  വഴിപിഴച്ചവരുടെ മാര്‍ഗവുമല്ല
آمِين  -  ഈ പ്രാര്‍ഥന സ്വീകരിക്കേണമേ
--------------------------------------------------------------
صرا
ط  - മാര്‍ഗം, വഴി
اَنْعَمَ  - അനുഗ്രഹം ചെയ്തു
സൂറത്തുല്‍ ഫാത്വിഹയില്‍ പ്രഖ്യാപനമുണ്ട്, പ്രാര്‍ഥനയുണ്ട്, പ്രതിജ്ഞ ഉണ്ട്. നിനക്കു മാത്രം ഞങ്ങള്‍ എല്ലാം അര്‍പ്പിക്കുകയുള്ളൂവെന്നും നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയുള്ളൂവെന്നുമാണ് പ്രതിജ്ഞ. നമ്മുടെ ജീവിതം 'ആ പ്രതിജ്ഞക്കൊപ്പം കൊണ്ടുനടന്നാല്‍, അല്ലാഹു നമ്മുടെ പ്രാര്‍ഥനകളും സ്വീകരിക്കും. അല്ലാഹുവല്ലാതെ പ്രാര്‍ഥനക്കുത്തരം നല്‍കാന്‍ ആരുണ്ട്? ഒരു വിശ്വാസിയുടെ ഏറ്റവും വലിയ പ്രാര്‍ഥന; നല്ല വഴിയിലൂടെ എന്നും സഞ്ചരിപ്പിക്കണമേ എന്നാണ്. കാരണം, വഴിതെറ്റിയാല്‍ ചിലപ്പോള്‍ അറിയാതെ ആ വഴിയിലൂടെ സഞ്ചരിച്ച് എല്ലാം നഷ്ടപ്പെട്ടവനായി മാറും. ഒരിക്കല്‍ നബി (സ) സ്വഹാബിമാര്‍ക്ക് മണ്ണില്‍ ഒരു വരവരച്ചുകാട്ടിക്കൊടുത്തു. എന്നിട്ട് പറഞ്ഞു: ഇതാണ് صراط المستقيم. നിങ്ങള്‍ ഇതിലൂടെ പോയാല്‍ കുഴപ്പം പറ്റില്ല. സ്വര്‍ഗത്തില്‍ ചെന്നെത്താം. എന്നാല്‍ ഈ വഴിയുടെ ഇരുവശങ്ങളിലും തിന്മയിലേക്കുള്ള വാതിലുകള്‍ ഉണ്ട്. അത് വിരികൊണ്ട് മറയ്ക്കപ്പെട്ടിരിക്കയാണ്. നിങ്ങള്‍ ആ വിരി പൊക്കിനോക്കാന്‍ നില്‍ക്കരുത്. കാരണം, വിരി പൊക്കി നിങ്ങള്‍ അതില്‍ പ്രവേശിച്ചാല്‍ അതിലൂടെ സഞ്ചരിക്കും. ചെന്നെത്തുന്നത്. നരകത്തിലായിരിക്കും. അതിനാല്‍ സൂക്ഷിക്കുക. നബി (സ) തിന്മകളിലേക്കുള്ള ആദ്യപടിയായി വിരിപൊക്കി നോക്കുന്നതിനെ ഉപമിച്ചിരിക്കുന്നു. അതിനപ്പുറം അല്ലാഹു വിലക്കിയ കാര്യങ്ങളാണ്. നാം ഒന്നോര്‍ത്തുനോക്കുക. നമ്മുടെ ജീവിതയാത്രയില്‍ ചുറ്റിനും പിടിച്ചുവലിക്കാന്‍ ജാഹിലിയ്യത്ത് തയ്യാറായി, സര്‍വസന്നാഹങ്ങളുമായി നില്‍ക്കുകയാണ്. അതിന്റെ ചതിക്കുഴികളിലും വാതിലുകളിലും ചെന്നുപെടാതെ രക്ഷപ്പെടാന്‍ നിരന്തരമായ പ്രാര്‍ഥനകൊണ്ടും നിഷ്‌കളങ്കമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാണ് സാധിക്കുക. സൂറത്തുല്‍ ഫാത്വിഹയില്‍ അല്ലാഹുവിന്റെ മഹത്വങ്ങള്‍ പ്രഖ്യാപിച്ചതിനുശേഷം ആണ് പ്രാര്‍ഥിക്കുന്നത്. മനസ്സിന്റെ ആഴങ്ങളില്‍ ചെന്നുപതിക്കേണ്ട പ്രഖ്യാപനങ്ങളാണ് ഫാത്വിഹയുടെ ആദ്യഭാഗത്തുള്ളത്. അത് പ്രഖ്യാപിക്കുന്ന ഒരു മനുഷ്യന്‍ തന്റെ എല്ലാം തന്റെ നാഥന്റെ മുന്‍പില്‍ സമര്‍പ്പിക്കുകയാണ്. എന്നിട്ട് പറയുകയാണ്, ഞങ്ങള്‍ക്ക് ഈയൊരാവശ്യമേ ഉള്ളൂ; സന്മാര്‍ഗത്തില്‍ എന്നും വഴിനടത്തണേ എന്ന്.

അതേ, വഴിപിഴച്ചുപോകാതിരിക്കാന്‍ മഹത്തായ സൂറത്തുല്‍ ഫാത്വിഹയെ മുറുകെ പിടിക്കാം. അര്‍ഥം ശരിക്ക് ഉള്‍ക്കൊള്ളാന്‍ അത് മാത്രം മതി, രക്ഷയ്ക്ക്. അല്ലാഹു അനുഗ്രഹിക്കട്ടെ.
 
Tuesday, June 4, 2013

കമലാസുരയ്യയുടെ ഇസ്‌ലാം

മാധവിക്കുട്ടി / കമലാസുരയ്യ വിഷയം ഇപ്പോൾ കുറച്ച് ചൂടോടെ ചർച്ചയ്ക്ക് വന്നിരിക്കയാണല്ലോ. നമ്മുടെ ഏറ്റവും വലിയ തകരാറ് ആൾക്കാരെ നോക്കി വിഷയങ്ങളെ സമീപിക്കുക എന്നതാണ്. സത്യത്തിൽ നാമതിൽനിന്ന് മോചിതരാകാതെ നിവൃത്തിയില്ല.

ഇസ്‌ലാമിൽ ആര് വന്നാൽ എന്ത്, പോയാൽ എന്ത്? ഖുർആൻ പറയുന്നു: ''അവർ മുസ്‌ലിംകളായി എന്നത് നിന്നോട് അവർ ഗുണമായി എടുത്ത് പറയുന്നു. എന്നാൽ, അല്ലാഹു നിങ്ങളെ വിശ്വാസത്തിലേക്ക് കൈപിടിച്ചു നടത്തി എന്നത് നിങ്ങളോട് അവൻ ചെയ്ത നന്മയായി എടുത്തുപറയുന്നു.''

കമലാ സുരയ്യ താൻ മനസ്സിലാക്കിയ തന്റെ സ്വന്തം ഒരു രീതിയിലെ ഇസ്‌ലാമാണ് ആചരിച്ചത് എന്നാണ് എനിക്ക് മനസ്സിലായത്. അത് അവരും അവരുടെ രക്ഷിതാവും കൂടി തീർക്കട്ടെ. അവർ നല്ല സൗന്ദര്യാരാധകയായിരുന്നു. പർദ്ദയണിഞ്ഞിട്ടും നന്നായി ഒരുങ്ങി ലിപ്സ്റ്റിക്കും മറ്റും ഇട്ടാണ് ഞാനാദ്യം കണ്ട മാധവിക്കുട്ടി. പിന്നെ, സാഹിത്യകാരിയുടേതായ ചില മണ്ടത്തരങ്ങളും ഉണ്ടായിട്ടുണ്ട്. അതിലൊന്നായിരുന്നു ഒരു പാർട്ടി രൂപീകരിച്ചത്. അതിന്റെ പേര് ഞാൻ മറന്നു. ഇതൊക്കെയാണെങ്കിലും നിഷ്‌കളങ്ക ആയിരുന്നു; അല്പം കുട്ടിത്തവും. ഞങ്ങൾ ദീർഘമായി സംസാരിച്ചതിൽനിന്ന് മനസ്സിലായത് അതാണ്. ചിലപ്പോഴൊക്കെ ഒരു പതിനാറുകാരിയുടേതുപോലെ പെരുമാറുന്നതായി തോന്നി. പ്രണയത്തെപ്പറ്റിയാണധികവും പറഞ്ഞത്.

പലരും ഇസ്‌ലാമിലേക്ക് വരാൻ പല കാരണങ്ങളും കാണും. പിന്നീട് കാരണം ഇല്ലാതാകുമ്പോൾ ചിലർ പിടിച്ചുനിൽക്കും. ചിലർ തിരിച്ചുപോകും. ഇത് പ്രത്യേകിച്ച് സ്ത്രീകളിൽ (ഇസ്‌ലാമിലേക്ക് വന്ന സ്ത്രീകളിൽ) കണ്ടിട്ടുള്ളതാണ്. ചിലർക്ക് കാരണം നഷ്ടപ്പെടാതെ നിന്നുകിട്ടുമ്പോൾ അവരിലെ ഇസ്‌ലാമും പച്ചപിടിച്ചുനിൽക്കുന്നതു കാണാം. ഇത് ഒരു പ്രകൃതിപരമായ അവസ്ഥയാണ്. കമലാസുരയ്യയുടെ തന്നെ തുറന്നടിച്ച പല സംസാരങ്ങളും ഒരു ശരാശരി മുസ്‌ലിമിനും ഹിന്ദുവിനും ഉൾക്കൊള്ളാവുന്നതിലപ്പുറമാണ്. പക്ഷേ, ഇതിന്റെയൊക്കെ അപ്പുറമുള്ള അവരുടെ ഒരു നിഷ്‌കളങ്ക മനസ്സുണ്ട്. അതിനെ നമുക്ക് കാണാതിരിക്കാനാവില്ല. ഇസ്‌ലാം ആശ്ലേഷത്തിനു മുമ്പ് അവർ ഒരിക്കൽ പർദ്ദ ധരിക്കുന്നതിന്റെ സൗകര്യത്തെപ്പറ്റി എഴുതിയതോർക്കുന്നു. ആളറിയാതിരിക്കാൻ സൗകര്യമുള്ള ഒരു വസ്ത്രം എന്നെഴുതിയിരുന്നു. ചാല ബസാറിൽ പർദ്ദ ധരിച്ച് അവർ പോയതായും ആ ലേഖനത്തിൽ സ്മരിക്കുന്നു.

ഒരു കാര്യം ഞാൻ തുറന്നു പറയാനാഗ്രഹിക്കുകയാണ്. എനിക്കവരുമായുള്ള ബന്ധത്തിൽ ചില വേദനകൾ ഉണ്ടായി. അല്ലാഹു അവർക്ക് പൊറുത്തുകൊടുക്കട്ടെ എന്നു മാത്രം പ്രാർഥിക്കുന്നു. അടുത്തറിയാൻ ശ്രമിച്ചപ്പോൾ ആർദ്രതയോടൊപ്പം ചില പരുഷസ്വഭാവവും അല്ലെങ്കിൽ അഹങ്കാരത്തിൽ കലർന്ന ചില ഭാഷാരീതികൾ ബോധ്യമായിരുന്നു. അപ്പോൾ താനോർത്തത്, എത്രയോ അറിയപ്പെടാത്ത മനുഷ്യർ ഇസ്‌ലാംമതത്തെ പുൽകി വളരെ മാതൃകാപരമായി ജീവിക്കുന്നു. അവരെ നോക്കാതെ ഉയർന്നവരെ മാത്രം ബഹുമാനിക്കുന്ന രീതി വളരെ മോശമാണെന്ന ഒരു പാഠമാണ്. ഇസ്‌ലാമികപ്രവർത്തകരും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണത്. 'അബസ' എന്ന അധ്യായത്തിൽ മേലേക്കിടയിലുള്ളവരെ മാത്രം ശ്രദ്ധിച്ച പ്രവാചകനെ അല്ലാഹു തിരുത്തുന്നുണ്ട്, ശക്തമായ ഭാഷയിൽ. ഇസ്‌ലാമിൽ മനുഷ്യരെല്ലാം ചീർപ്പിന്റെ പല്ലുപോലെ സമന്മാരാണ്. നാമിനിയും പഠിച്ചു പ്രാവർത്തികമാക്കേണ്ട പാഠമാണത്. ഞാൻ സംസാരിക്കുന്നത് ഇസ്‌ലാമിനെ പ്രബോധനം ചെയ്യുന്ന ഇസ്‌ലാമികപ്രവർത്തകരോടാണ്. നമ്മുടെ കൈയിലുള്ള വെളിച്ചത്തെ മറ്റുള്ളവർക്കെത്തിച്ചുകൊടുക്കുന്ന വേളയിൽ, അവർക്കു വേണ്ടി നാം രാവും പകലും അധ്വാനിക്കേണ്ടിവരുമ്പോൾ നമ്മുടെ മുമ്പിൽ ഉയർന്നുനിൽക്കേണ്ട മാതൃകാവ്യക്തിത്വം പ്രവാചകൻ (സ)യാണ്.

ഇസ്‌ലാമികപ്രബോധകർ ഒരു കാര്യംകൂടി അടിവരയിട്ടു മനസ്സിലാക്കുക. ആര് ഇസ്‌ലാമിലേക്ക് വരുന്നതുകൊണ്ടും ഇസ്‌ലാമിന് യാതൊരു മഹത്വവും ഏറാൻ ഇല്ല. സാധുക്കൾ മാത്രമുള്ള ഇസ്‌ലാം കൊണ്ട് ഇസ്‌ലാമിന് ഒന്നും നഷ്ടപ്പെടാനുമില്ല. ഇനിയും പ്രബോധനമാർഗ ചരിത്രത്തിൽ ഇത്തരം പലതും ആവർത്തിക്കും. നമുക്ക് അന്നും നിഷ്‌കളങ്കതയും ആത്മാർഥതയും ആണ് മാനദണ്ഡങ്ങളായി കണക്കാക്കേണ്ടത്. നാമോരുത്തരും നമ്മുടെ കർമങ്ങൾ അനുസരിച്ചാണ് അല്ലാഹുവിന്റെ മുമ്പിൽ ഉത്തരം ബോധിപ്പിക്കേണ്ടത്. മറ്റൊരാളുടെ കർമം മൂലം നാം കുറ്റക്കാരാവുകയോ ഉയർന്നവരാവുകയോ ഇല്ല. നമ്മുടെ ദൗത്യം ഇസ്‌ലാമിനെ ജനങ്ങൾക്ക് വ്യക്തമായും ശുദ്ധമായും എത്തിക്കുക എന്നതാണ്. വരുന്ന ആൾക്കാർക്ക് അവരാവശ്യപ്പെടുന്ന രൂപത്തിലുള്ള സഹായം കൊടുക്കുക. എല്ലാം അല്ലാഹുവിന് സമർപ്പിക്കുക. ലോകം കറങ്ങുമ്പോൾ ഇസ്‌ലാമിനെ ചെളിവാരി എറിയുന്നവരും ഇസ്‌ലാമിനെ പുൽകുന്നവരും ഒക്കെ ഉണ്ടാകും. നാം അചഞ്ചലചിത്തരായി ഇസ്‌ലാമിക മാർഗത്തിൽ ഉറച്ചു നിൽക്കുക.

സർവശക്തൻ എല്ലാവർക്കും പൊറുത്തുതരട്ടെ. ആമീൻ

വസ്സലാം.